അതുതന്നെയാകാം
നബികീര്‍ത്തനം
ജമീല്‍ അഹ്‌മദ്
പഴിയോതി പിഴച്ച നാവിനാലെന്നോ അറിയാതെ
ഇവന്‍ റസൂലിന്റെ സ്വലാത്തുരച്ചതാകാം
വഴികാണാതലയുമെന്‍ കവിതകള്‍ ഹദീസിന്റെ
മൊഴിവെളിച്ചവും തേടി കുതിക്കയായി
ഇരുള്‍ വീണ തെരുവിലൂടലയുമെന്‍ മനസ്സെന്നോ
തിരു റൗദാ ശരീഫിനെ കൊതിച്ചതാകാം
ഇരുമ്പഴിക്കുള്ളിലടിഞ്ഞമരുമെന്‍ ഹൃദയത്തില്‍
ഫിര്‍ദൗസിന്‍ ജനാലകള്‍ തുറന്നുപോയി
ആ സുഗന്ധം നുകര്‍ന്നോരു മരുക്കാറ്റെപ്പൊഴോ എന്റെ
ശ്വാസകോശത്തിലേക്കല്‍പം കലര്‍ന്നതാകാം
റസൂലുല്ലാഹിയോടുള്ള പ്രേമം കൊണ്ടെന്‍ ധമനികള്‍
വിശുദ്ധ സങ്കീര്‍ത്തനത്താല്‍ തുടുത്തുപോയി
`അശ്‌ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹി'യെ-
ന്നശക്ത ബാല്യത്തിന്‍ പാഠം സ്‌മരിച്ചതാകാം
ഇശ്‌കിന്റെ പെരും കടല്‍ത്തിരപ്രവാഹത്താല്‍ ഉള്ളില്‍
പിശാചിന്റെ പെരുംകോട്ട തകര്‍ന്നുപോയി
മരിക്കുമ്പോള്‍ ഒടുക്കത്തെ ജീവശ്വാസത്തിനെത്തേടി
വരണ്ടുള്ളം `മുഹമ്മെദെ'ന്നുരച്ചുപോകും
അപ്പോള്‍
ചിരിക്കുന്ന വദനത്താല്‍ മലക്കുകളെന്റെ പ്രാണ-
ഞരക്കവും `മദ്‌ഹാ'യിട്ടെഴുതിവെക്കും.